തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. നയപരമായ എല്ലാ വിഷയങ്ങളിലും പാർട്ടി നേതൃത്വവുമായി വ്യക്തമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി ടി ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയിലുള്ള ആർക്കും തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതായി പാർട്ടിയിലെത്തിയ യുവാക്കൾക്കും വിമർശിക്കാൻ അവകാശമുണ്ട്. അവർ ചൂണ്ടിക്കാണിക്കുന്നത് ശരിയാണെങ്കിൽ അത് തിരുത്താൻ തയ്യാറാണ്. താൻ പറയുന്നതാണ് ശരിയെങ്കിൽ അത് അവരെ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വം തനിക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൂർണ്ണ യോഗ്യതയുള്ള നേതാക്കളാണ്. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് താൻ മുഖ്യമന്ത്രി പദവിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഊഷ്മളമായ ബന്ധമാണുള്ളത്. കെ സി വേണുഗോപാലുമായി ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ടെന്നും കുടുംബപരമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായും നല്ല ബന്ധമാണുള്ളതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
