തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്ന പുതിയ വയോജനക്ഷേമ ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി വി. ഡി. സതീശനാണ് നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നത്.
വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിനൊപ്പം അവർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും അവഗണനകൾക്കും എതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. മുതിർന്ന പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ നിർദ്ദേശങ്ങളും വയോജനക്ഷേമ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയോജന സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ നിയമനിർമ്മാണം.
