ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും സ്പീക്കർ മോഡിൽ ഉച്ചത്തിൽ പാട്ടുകളോ വീഡിയോകളോ പ്ലേ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.
യാത്രക്കാർക്ക് സമാധാനപരവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ നിയമങ്ങളിൽ ഭേദഗതി വരുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചത്. യാത്രയിൽ വ്യക്തിഗത ആവശ്യങ്ങൾക്ക് ഇയർഫോണുകൾ ഉപയോഗിക്കണമെന്നും ദീർഘനേരമുള്ള ഉച്ചത്തിലുള്ള ഫോൺ സംഭാഷണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
1989-ലെ റെയിൽവേ നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷൻ 145(2) പ്രകാരമാണ് നടപടികൾ. പ്രാഥമിക കുറ്റത്തിന് 1,000 രൂപ വരെ പിഴയും, ട്രെയിനിൽ നിന്ന് പുറത്താക്കലും, ടിക്കറ്റോ പാസോ റദ്ദാക്കലുമായിരിക്കും ശിക്ഷ. റെയിൽവേ ഉദ്യോഗസ്ഥർ വിലക്കിയിട്ടും ശല്യം തുടരുകയാണെങ്കിൽ 5,000 രൂപ വരെ പിഴയോ ആറ് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇത് സംബന്ധിച്ച് ഉടൻ ബോധവൽക്കരണം ആരംഭിക്കും.
