ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് തമിഴ്‌നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി രാഷ്ട്രപതി ഉത്തരവിറക്കി. ഓം പ്രകാശ് മാഥൂറിന് പകരമായി ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായും നിയമിച്ചിട്ടുണ്ട്.
ആർ.എസ്.എസ്. പ്രചാരകനായി പൊതുരംഗത്തേക്ക് എത്തിയ ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി. നേതാവാണ്. 2008-ൽ രാജസ്ഥാൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയായും ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പാർട്ടി ചുമതലക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 മുതൽ 2024 വരെ ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
മറ്റു ചില സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും, ഡോ. സുധാ യാദവിനെ കർണാടക ഗവർണറായും, ഡോ. ധൽസിംഗ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.
