ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് പിന്മാറുന്നതിനൊപ്പം തെക്കേ ഇന്ത്യയിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിക്കാനും സാധ്യതയുണ്ട്. തെക്കൻ ആന്തമാൻ കടലിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒക്ടോബർ 13ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.
കേരളത്തിൽ ഒക്ടോബർ 12 മുതൽ 16 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 15, 16 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം. ഒക്ടോബർ 12, 13, 14 തീയതികളിൽ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒക്ടോബർ 15, 16 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
