തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗം ഈ മാസം 17-ന് നടക്കും. ഇത് സംബന്ധിച്ച് സർവീസ് സംഘടനകൾക്ക് സർക്കാർ ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആദ്യമായി പരിഗണനയിൽ വന്നത്. ഇത് സംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് അന്തിമ തീരുമാനമായിരുന്നില്ല. പ്രവൃത്തി ദിനം അഞ്ചാക്കി ചുരുക്കുന്നതിനെ എല്ലാ സർവീസ് സംഘടനകളും തത്വത്തിൽ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഓഫീസ് സമയം ദീർഘിപ്പിക്കുന്ന കാര്യത്തിലും അവധികളിൽ കുറവ് വരുത്തുന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ബാങ്കുകളുടെ മാതൃകയിൽ തങ്ങളുടെയും പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കണമെന്ന് ജീവനക്കാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ചായി കുറയ്ക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിന് പകരമായി ദിവസേന ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് പ്രധാന നിർദേശം. ഒരു മണിക്കൂർ ജോലി സമയം കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ലെങ്കിലും, പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ ശക്തമായി എതിർത്തിരുന്നു. യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
