കണ്ണൂർ: സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ ജിയോ ബി.പി. പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. വർധന പ്രാബല്യത്തിൽ വന്നതോടെ കൊച്ചിയിൽ ജിയോ ബി.പി. പമ്പുകളിൽ പെട്രോൾ ലിറ്ററിന് 118.69 രൂപയും ഡീസലിന് 105.59 രൂപയുമായി ഉയർന്നു.
കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജിയും സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് സ്വകാര്യ കമ്പനികളെ വില വർധനവിന് പ്രേരിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. കൊച്ചിയിൽ പൊതുമേഖലാ പമ്പുകളിൽ പെട്രോളിന് 113.63 രൂപയും ഡീസലിന് 102.54 രൂപയുമായി തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് മൂലം പൊതുമേഖലാ കമ്പനികൾ പെട്രോൾ, ഡീസൽ വിൽപനയിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര അടുത്തിടെ വ്യക്തമാക്കിയിരുന്നു.
