Zygo-Ad

കെ.എസ്.ഇ.ബി. മീറ്റർ റീഡർമാരുടെ സമരം: മന്ത്രി സണ്ണി ജോസഫ് ചർച്ചയ്ക്ക് ക്ഷണിച്ചു


തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന കെ.എസ്.ഇ.ബി. കരാർ മീറ്റർ റീഡർമാരെ ചർച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇന്ന് വൈകിട്ട് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന സമരം കാരണം സംസ്ഥാനത്തുടനീളം മീറ്റർ റീഡിങ് തടസ്സപ്പെടുകയും വരുമാനത്തെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര സമവായ നീക്കം.

സമരം ശക്തമായതോടെ ജീവനക്കാരിൽ നിന്ന് പി.ഒ.എസ്. റീഡിങ് മെഷീനുകൾ കെ.എസ്.ഇ.ബി. തിരികെ വാങ്ങിയിരുന്നു. മെഷീൻ തിരികെ ഏൽപ്പിക്കാത്തവർക്കെതിരെ പോലീസ് നടപടിയെടുക്കാൻ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രശ്നപരിഹാരത്തിനായി മന്ത്രി തലത്തിൽ ചർച്ചയ്ക്ക് വഴിതുറന്നത്. കെ.എസ്.ഇ.ബി. മാനേജ്‌മെന്റുമായി കരാർ ജീവനക്കാർ നടത്തിയ മുൻപത്തെ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന കരാർ മീറ്റർ റീഡർമാരാണ് സമരരംഗത്തുള്ളത്. മീറ്റർ റീഡിങ് മുടങ്ങിയതോടെ കെ.എസ്.ഇ.ബി.യുടെ വരുമാനത്തിൽ കാൽഭാഗത്തോളം നിലച്ച മട്ടാണ്. ബില്ലിങ് വൈകുന്നതിൽ ഉപഭോക്താക്കളും വലിയ പ്രയാസം നേരിടുന്നുണ്ട്. ഇന്നത്തെ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.


വളരെ പുതിയ വളരെ പഴയ