തിരുവനന്തപുരം: വിവാദമായ മാസപ്പടി-ഹവാല ഇടപാട് ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ വിജിലൻസ് കേസെടുത്തു. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി രണ്ട് വെവ്വേറെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത ഒന്നാമത്തെ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാണ്. രണ്ട് കേസുകളിലും വീണ വിജയനാണ് രണ്ടാം പ്രതി.
അതേസമയം, വിജിലൻസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്റെ നീക്കം. തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇന്ന് തന്നെ അപ്പീൽ നൽകിയേക്കും. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തരവിലെ നിരീക്ഷണങ്ങൾ 'ലളിതകുമാരി' കേസിലെ സുപ്രീം കോടതി വിധിക്കെതിരാണെന്ന് കോടതിയെ അറിയിക്കാനാണ് നിയമവിദഗ്ദ്ധരുടെ ഉപദേശം. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
