Zygo-Ad

വോട്ടർപട്ടിക പുതുക്കൽ: സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ഒക്ടോബർ 15 മുതൽ


കണ്ണൂർ: സംസ്ഥാന വ്യാപകമായി വോട്ടർപട്ടികയിൽ പേരുചേർക്കൽ, ഒഴിവാക്കൽ, തെറ്റുതിരുത്തൽ എന്നിവയ്ക്കായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബുവിന്റെ നിർദേശപ്രകാരം ഒക്ടോബർ 15 മുതൽ 31 വരെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കും.

അധിക ഡിക്ലറേഷൻ ഫോം ഒഴിവാക്കിയ സാഹചര്യത്തിൽ ഫോം 6 പൂരിപ്പിച്ച് സിറ്റിസൺ സർവീസ് പോർട്ടൽ വഴിയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് മുഖേനയോ അപേക്ഷിക്കാം. ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടതാണ്. വോട്ടർപട്ടികയിൽ ചേർക്കാൻ മറ്റെതെങ്കിലും തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നതിനൊപ്പം സപ്പോർട്ടിങ് ഡോക്യുമെന്റുകളും അപേക്ഷയോടൊപ്പം ഉൾപ്പെടുത്താം. അപേക്ഷകളുടെ തുടർപരിശോധന ബി.എൽ.ഒ.മാർ വീടുകളിലെത്തി നടത്തും.

വിദ്യാർത്ഥികൾക്കായി കോളേജുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും 'ക്യാമ്പസ് ടു ബൂത്ത്' എൻറോൾമെന്റ് ഡ്രൈവ് നടക്കും. 'Step Forward, Get Counted' എന്ന സന്ദേശവുമായി നവംബർ രണ്ടു മുതൽ ഒരാഴ്ച നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അർഹരായ മുഴുവൻ ആളുകളും ഈ അവസരം വിനിയോഗിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു.


വളരെ പുതിയ വളരെ പഴയ