കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആശിഷ് ബാനർജിയെ ബിർഭും ജില്ലയിലെ റാംപൂർഹാട്ടിലെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമല്ല. ആശിഷ് ബാനർജിയുടെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് പശ്ചിമബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാംപൂർഹാട്ട് മണ്ഡലത്തിൽനിന്ന് അഞ്ച് തവണ അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
