തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ സംഭവിച്ച ഗുരുതരമായ സുരക്ഷാ വീഴ്ചയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ റദ്ദാക്കി. ഇന്ന് രാവിലെ നടന്ന പരീക്ഷയ്ക്കായി വിതരണം ചെയ്തത് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. ഈ വൻ വീഴ്ച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഉച്ചയ്ക്ക് ഒരു മണിയോടെ പരീക്ഷകൾ റദ്ദാക്കുകയാണെന്ന് പി.എസ്.സി അധികൃതർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവെച്ചതെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം.
മാസങ്ങളോളം കഠിനമായി പരിശ്രമിച്ച് പരീക്ഷയ്ക്കായി തയ്യാറെടുത്ത് വിവിധ കേന്ദ്രങ്ങളിൽ എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പി.എസ്.സിയുടെ ഈ ഗുരുതരമായ അനാസ്ഥ കാരണം ദുരിതത്തിലായത്. പരീക്ഷയ്ക്കായി വലിയ തുക ചെലവഴിച്ച് ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരീക്ഷാ നടത്തിപ്പിൽ ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉദ്യോഗാർത്ഥികളുടെ ഭാഗത്തുനിന്ന് ശക്തമായിട്ടുണ്ട്.
