തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂണ്‍ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് നല്‍കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.
തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 8 മണിക്ക് മന്ത്രി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ 19,80,224 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം 22,288 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,663 സന്നദ്ധ പ്രവർത്തകരെ ഇതിനായി നിയോഗിച്ചു.
സാധാരണ ബൂത്തുകള്‍ക്ക് പുറമേ, യാത്രാ വേളയിലുള്ളവർക്കായി 539 ട്രാൻസിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ക്കും മറ്റുമായി 283 മൊബൈല്‍ ബൂത്തുകളും സജ്ജീകരിക്കും.
ജൂണ്‍ 28-ന് ബൂത്തുകളില്‍ എത്താൻ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തീയതികളില്‍ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി തുള്ളി മരുന്ന് നല്‍കും.
പോളിയോ വൈറസിനെ ഇന്ത്യയില്‍ നിന്ന് പൂർണ്ണമായും തുടച്ചു നീക്കി 15 വർഷം പിന്നിടുമ്പോഴും, അയല്‍രാജ്യങ്ങളില്‍ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
