Zygo-Ad

ശബരിമല തീർത്ഥാടനത്തിന് പുതിയ മുഖം; തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യയും ഡിജിറ്റൽ മാപ്പിങ്ങും വരുന്നു

 


ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് അനുഭവപ്പെടുന്ന കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ആധുനിക എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്ഠിത സംവിധാനങ്ങൾ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന മണ്ഡലകാലത്ത് തന്നെ ഈ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാനാണ് ആലോചന.

പരമ്പരാഗത തിരക്ക് നിയന്ത്രണ രീതികൾക്ക് പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡാറ്റ കൃത്യമായി വിശകലനം ചെയ്ത്, തിരക്ക് മുൻകൂട്ടി പ്രവചിക്കുന്ന രീതിയാണ് നടപ്പിലാക്കുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഇതിനായി എഐ രംഗത്തെ പ്രമുഖ കമ്പനികൾ ദേവസ്വം ബോർഡിനും പൊലീസിനും മുന്നിൽ പദ്ധതികൾ അവതരിപ്പിച്ചു കഴിഞ്ഞു. മണ്ഡലകാലത്തിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. ഓഗസ്റ്റ് പത്തോടെ അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുത്ത് 90 മുതൽ 100 ദിവസത്തിനകം ക്യാമറകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കും. വെർച്വൽ ക്യൂ സംവിധാനത്തെയും ഇതിലേക്ക് ബന്ധിപ്പിക്കും.

ഭക്തർക്ക് തത്സമയ വിവരങ്ങൾ കൈമാറാനും മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ തിരക്ക് തത്സമയം നിരീക്ഷിക്കും. കൂടാതെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഡ്രോണുകളുടെയും എഐ ക്യാമറകളുടെയും 24 മണിക്കൂർ നിരീക്ഷണം ഉണ്ടാകും. പാതകളിലെ പൈപ്പ് പൊട്ടൽ, അപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഉടൻ തന്നെ സഹായമെത്തിക്കാനും ഇതിലൂടെ സാധിക്കും.

ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായും ഡിജിറ്റൽ മാപ്പിങ്ങിലേക്ക് മാറ്റുമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ഇൻഫ്രാറെഡ് സെൻസറുകൾ, ഡ്രോണുകൾ എന്നിവ സംയോജിപ്പിച്ച് ശബരിമലയെ ജിപിഎസ് മാപ്പിന്റെ പരിധിയിൽ കൊണ്ടുവരും. ഹീറ്റ് മാപ്പ് സംവിധാനത്തിലൂടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യത എഐ മുൻകൂട്ടി പ്രവചിക്കുകയും നിയന്ത്രണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ നിർദ്ദേശങ്ങൾ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ഫോണുകളിലേക്ക് തത്സമയം സന്ദേശങ്ങളായി എത്തും. പത്തനംതിട്ട എസ്പി ഇതിന്റെ വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഈ വർഷം പൈലറ്റ് പ്രൊജക്റ്റായി ഇതിന്റെ ഒന്നാം ഘട്ടം നടപ്പിലാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

 


വളരെ പുതിയ വളരെ പഴയ