കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍ വിചാരണ കോടതിക്ക് അടിയന്തര നിര്‍ദേശവുമായി ഹൈക്കോടതി. കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ മുദ്ര വെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനാണ് ജസ്റ്റിസ് സി എസ് ഡയസ് വിചാരണ കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയത്. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ച കോടതി, കേസില്‍ ഒരു മാസത്തിനകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിചാരണ കോടതി നടത്തിയ എന്‍ക്വയറി റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മെമ്മറി കാര്‍ഡ് നിലവില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ് ഉള്ളത്. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെയാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് എന്നതിനാല്‍ ഇനിയെങ്കിലും ഇത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും അതിനായി ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയിലെ ഈ ആവശ്യം പരിഗണിച്ചാണ് മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും അടിയന്തരമായി സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് നിര്‍ദേശം നല്‍കിയത്. ഇവ അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം നടത്തിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ട് നീതിയുക്തമല്ലെന്നും പക്ഷപാതപരമാണെന്നും അത് റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. പല സാക്ഷിമൊഴികളും തെറ്റായി വ്യാഖ്യാനിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടതി കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പലപ്പോഴായി തുറന്നിട്ടുണ്ടെന്നും, അതില്‍ അന്വേഷണം നടത്തിയിട്ടും ആര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ആരോപണ വിധേയര്‍ നല്‍കിയ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍ അപ്പാടെ വിശ്വസിക്കുന്ന തരത്തിലുള്ളതാണ്.
ഈ റിപ്പോര്‍ട്ട് കോടതി നടപടികളില്‍ അവിശ്വാസം ഉണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ നിലവിലെ റിപ്പോര്‍ട്ട് റദ്ദാക്കി സൈബര്‍, ഫോറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് ഇട്ടു പരിശോധിച്ച ഫോണ്‍ കാണാതെ പോയെന്നാണ് എറണാകുളം കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. ഇയാള്‍ മാസങ്ങളോളം മെമ്മറി കാര്‍ഡ് കൈവശം സൂക്ഷിച്ചിരുന്നുവെന്നും അതിജീവിത ആരോപിക്കുന്നു. ഇയാളുടെ ഫോണ്‍ എവിടെ, എങ്ങനെ കാണാതെ പോയി എന്നതില്‍ അന്വേഷണം ഉണ്ടായിട്ടില്ല. പ്രത്യേക കോടതിയില്‍ ഉച്ചയ്ക്ക് രണ്ടു തവണ ഒരു ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് ഫോണിലിലിട്ട് കണ്ടു. ആ ഫോണ്‍ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. ഈ മൊഴികളില്‍ അവിശ്വാസമുണ്ടെന്നും ഫോണ്‍ നഷ്ടമായതില്‍ ഇവര്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്നത് അന്വേഷിച്ചില്ല എന്നും അതിജീവിത ചോദ്യം ഉയര്‍ത്തുന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു.
