തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് നല്ല കാര്യമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമായതിനാല്‍ അത് നടപ്പാക്കേണ്ടതാണ്. വിദ്യാർത്ഥികള്‍ക്ക് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സൗജന്യ യാത്ര അനുവദിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഓർഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ബസുകള്‍ ആക്കി എന്ന ആക്ഷേപം ഉയരുന്നു, അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തന്റെ ഭരണകാലത്ത് കെഎസ്‌ആർടിസിയില്‍ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല. ബസുകള്‍ വാങ്ങിയതില്‍ തട്ടിപ്പ് എന്ന് പറഞ്ഞ് വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ചു.
എയർ സസ്‌പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ് വാങ്ങിയത് 21 ലക്ഷം രൂപയ്ക്ക്. സ്പ്രിംഗ് സസ്പെൻഷൻ ഉള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്ക് ആണ്. എന്നാല്‍ ഒരു മാധ്യമം പ്രചരിപ്പിച്ച വാർത്തയില്‍ ഒരു ബസിനു ഏഴു ലക്ഷം രൂപയൊക്കെ അധികമായി നല്‍കിയെന്നാണ്.
30 ലക്ഷം മുടക്കി ബസുകള്‍ വാങ്ങിയിട്ടില്ല. രണ്ടു ഘട്ടമായി ബസുകള്‍ വാങ്ങിയത് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജ രേഖ എവിടെ നിന്നും വന്നുവെന്നു അന്വേഷിക്കണം.
ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതു മുന്നണിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്നും ഗണേഷ് പറഞ്ഞു.
