കൊച്ചി: മനുഷ്യന്റെ ജീവനും അവയവങ്ങളും വെച്ച് കോടികളുടെ ചൂതാട്ടം നടത്തിയ അന്താരാഷ്ട്ര അവയവക്കച്ചവട മാഫിയയുടെ മുഖ്യകണ്ണി നജീബ് പിടിയിലാകുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
യുപിയിലെ ഗാസിയാബാദില്‍ നിന്ന് സിനിമാറ്റിക്കായ നീക്കത്തിലൂടെയാണ് ഈ ക്രിമിനല്‍ മാസ്റ്റര്‍ മൈന്‍ഡിനെ പൊലീസ് പൊക്കിയത്. മൂന്ന് വര്‍ഷത്തിനിടെ മുപ്പതിലേറെ പേരുടെ അവയവങ്ങള്‍ വില്‍പന നടത്തിയ ഇയാള്‍, ആറ് കോടിയോളം രൂപയാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴി മാറ്റിയെടുത്തത്. പാവപ്പെട്ടവരുടെ വയറ്റത്തടിച്ച് വളര്‍ന്ന ഈ മാഫിയാ തലവന്റെ ഭാര്യ റഷീദ ഉള്‍പ്പെടെ ഒന്‍പത് പേരും ഇപ്പോള്‍ അഴിക്കുള്ളിലാണ്.
സാമ്പത്തികമായി തകര്‍ന്ന പാവപ്പെട്ടവരെ കണ്ടെത്തി അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് നജീബ് വലയിലാക്കുന്നത്. എന്നാല്‍, അവയവം ആവശ്യമുള്ള രോഗികളില്‍ നിന്ന് ഇയാള്‍ ഈടാക്കുന്നത് 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ്. ഇതില്‍ ഭൂരിഭാഗവും നജീബ് കമ്മീഷനായി അടിച്ചു മാറ്റും.
വിദേശത്ത് നിന്ന് പോലും നജീബിനെ തേടി ഫോണ്‍ കോളുകള്‍ വരാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. വിദേശികള്‍ക്ക് വേണ്ടിയും ഇയാള്‍ കേരളത്തില്‍ നിന്ന് അവയവങ്ങള്‍ കടത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.
അവയവക്കച്ചവടത്തിനുള്ള കര്‍ശന നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് നജീബ് കരുക്കള്‍ നീക്കിയത്. എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ലെറ്റര്‍ പാഡുകള്‍, തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും സീലുകള്‍, ഒപ്പുകള്‍ തുടങ്ങി എന്തിനും ഏതിനും നജീബിന്റെ കൈവശം വ്യാജനുണ്ടായിരുന്നു.
ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫോണ്‍ നമ്പറുകള്‍ നല്‍കി, പരിശോധനയ്ക്ക് വരുന്നവര്‍ക്ക് 'ക്ലിയറന്‍സ്' നല്‍കുന്ന പരിപാടിയും ഇയാള്‍ക്കുണ്ടായിരുന്നു. സ്വന്തം വെബ്സൈറ്റ് വഴിയും ആശുപത്രികളിലെ ഏജന്റുമാര്‍ വഴിയുമാണ് നജീബ് ഇരകളെ കണ്ടെത്തിയിരുന്നത്.
തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ സമര്‍പ്പിച്ച രേഖകളിലെ പൊരുത്തക്കേടുകളാണ് ഈ വലിയ മാഫിയയെ പുറത്തു കൊണ്ടു വന്നത്.
വില്ലേജ് ഓഫീസറുടെയും തഹസില്‍ദാറുടെയും പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ കൊല്ലം കിളികൊള്ളൂര്‍ പൊലീസ് തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് നജീബിലാണ്.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിന്‍ഷായുടെയും തൃക്കാക്കര എസിപി മനോജ് കുമാറിന്റെയും നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
നജീബിന്റെ കൈവശം ഉണ്ടായിരുന്ന നിര്‍ണ്ണായകമായ ഒരു ഡയറി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ആരൊക്കെ അവയവങ്ങള്‍ വാങ്ങി, ആരൊക്കെ വിറ്റു, ആരൊക്കെ സഹായിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങളുണ്ടെന്നാണ് സൂചന.
പല പ്രമുഖ ആശുപത്രികള്‍ക്കും ഈ റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളുടെ പാസ്പോര്‍ട്ടും ഫോണും പിടിച്ചെടുത്തതോടെ കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഒന്നൊന്നായി പുറത്തു വരുമെന്ന ഉറപ്പിലാണ് പൊലീസ്.
നജീബിനെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേരളത്തെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ദാതാക്കളുടെ ജീവന്‍ പോലും പണയപ്പെടുത്തി നടത്തിയ ഈ അവയവക്കൊള്ളയുടെ വേരുകള്‍ എവിടെ വരെ പോകുമെന്ന് വരും ദിവസങ്ങളില്‍ കാണാം.
അവയവ ദാനത്തിനുള്ള കടുത്ത നിയമങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ തന്നെ വെല്ലുവിളിച്ചാണ് നജീബ് വ്യാജ രേഖകള്‍ തയാറാക്കിയത്. ദാതാവും സ്വീകര്‍ത്താവും തമ്മില്‍ രക്തബന്ധമില്ലെങ്കിലും അവരെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള വ്യാജ സത്യവാങ്മൂലങ്ങളും തയാറാക്കി.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫോണ്‍ നമ്പറുകള്‍ നല്‍കി അവരില്‍ നിന്ന് ക്ലിയറന്‍സ് നല്‍കുന്ന രീതിയും നജീബിന് ഉണ്ടായിരുന്നു. തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് അവയവം വേണ്ടവരെ നജീബും ഭാര്യ റഷീദയും കണ്ടെത്തിയത്.
വ്യാജ രേഖ ചമച്ച് അവയവ കൈമാറ്റം നടത്തിയ സംഭവം അന്വേഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ഷാഹിന്‍ഷാ, തൃക്കാക്കര അസി. കമീഷണര്‍ മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അമ്പലമേട്, ഇന്‍ഫോപാര്‍ക്, ഉദയംപേരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങിയ സംഘത്തെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അന്വേഷണത്തിന് നിയമിച്ചത്.
അവയവ കച്ചവട റാക്കറ്റില്‍ രാജ്യാന്തര ബന്ധങ്ങളുള്ള കുറ്റവാളികളും പല ആശുപത്രികളും ഉണ്ടെന്നാണ് കരുതുന്നത്. ഇതേകുറിച്ചെല്ലാം സമഗ്ര അന്വേഷണമാവും പ്രത്യേക സംഘം നടത്തുക.
കൂടുതല്‍ പ്രതികളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിന്റെ രാജ്യാന്തര ബന്ധവും അന്വേഷിക്കും. പ്രതികളുടെ പാസ്‌പോര്‍ട്ട്, ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നജീബിന്റെ ഡയറി കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
