തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തോട് അനുബന്ധിച്ച് താൽക്കാലിക ബാച്ചുകൾ തുടരുന്നതിനും മാർജിനൽ സീറ്റ് വർധനവിനും അനുവാദം നൽകി സർക്കാർ ഉത്തരവായി. മാർജിനൽ സീറ്റ് വർധനവിലൂടെ അറുപതിനായിരത്തിലധികം സീറ്റുകളും താൽക്കാലിക ബാച്ചുകളിലായി പതിനയ്യായിരത്തിലധികം സീറ്റുകളും പ്ലസ് വൺ പ്രവേശനത്തിന് അധികമായി ലഭിക്കും. ആദ്യ അലോട്ട്മെന്റിൽ തന്നെ ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതാണ്.
മുൻ വർഷങ്ങളിലായി അനുവദിച്ച താൽക്കാലിക ബാച്ചുകളിൽ ഭൂരിഭാഗവും ഈ വർഷവും തുടരും. ഇതിൽ പതിനായിരത്തോളം സീറ്റുകൾ മലപ്പുറം ജില്ലയിലാണ്. കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും താൽക്കാലിക സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും മുപ്പത് ശതമാനവും എയ്ഡഡ് സ്കൂളുകളിൽ ഇരുപത് ശതമാനവും മാർജിനൽ സീറ്റ് വർധനവ് അനുവദിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് പത്ത് ശതമാനം കൂടി മാർജിനൽ സീറ്റ് വർധനവ് അനുവദിക്കുന്നതാണ്.
കൊല്ലം, തൃശ്ശൂർ ജില്ലകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും എറണാകുളം ജില്ലയിലെ ചില താലൂക്കുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ഇരുപത് ശതമാനം മാർജിനൽ സീറ്റ് വർധനവും അനുവദിച്ചിട്ടുണ്ട്.
