Zygo-Ad

എയര്‍ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കുന്നു ജൂലൈ വരെ നിയന്ത്രണം തുടരും

 


മുംബൈ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ രംഗത്ത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവുമാണ് പുതിയ തീരുമാനത്തിന് പിന്നിൽ. വരുന്ന ജൂലൈ മാസം വരെ എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരമുള്ള പാതകൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും വിമാന കമ്പനിയുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതിനകം തന്നെ ചില സർവീസുകൾ കുറച്ചിരുന്നു. എന്നാൽ സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകളിലും മാറ്റം വരുത്താൻ എയർ ഇന്ത്യ നിർബന്ധിതരായത്.

യാത്രക്കാരുടെ യാത്രാ പ്ലാനുകളിലും ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതിയാവുകയും ചെയ്താൽ മാത്രമേ സർവീസുകൾ പഴയപടിയാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വലിയ നഷ്ടം രേഖപ്പെടുത്തിയ എയർ ഇന്ത്യയ്ക്ക് പുതിയ പ്രതിസന്ധികൾ കൂടുതൽ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്.



വളരെ പുതിയ വളരെ പഴയ