ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജ് സ്കാനിങ്ങിനിടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.
ശംഷാബാദ് വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടല്‍ വിഭാഗത്തില്‍ വെച്ചാണ് സംഭവം. സ്ഫോടനത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ഒരുപോലെ പരിഭ്രാന്തരായി.
റായ്‌പൂരിലേക്ക് പോകാനെത്തിയ ലക്ഷ്മണ്‍ പ്രസാദ് എന്നയാളുടെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനം നടന്നയുടൻ സുരക്ഷാ പരിശോധനകള്‍ പൂർത്തിയാകുന്നത് വരെ ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടുന്നത് നിർത്തി വെക്കാൻ എയർ ട്രാഫിക് കണ്‍ട്രോളിന് (ATC) നിർദ്ദേശം നല്‍കി.
കരിഞ്ഞ നിലയിലുള്ള ഫോണ്‍ കണ്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബോംബാണോ എന്ന് സംശയിക്കുകയും ഉടൻ തന്നെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിവരമറിയിക്കുകയും ചെയ്തു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കിയത്.
