Zygo-Ad

വ്യാജ കത്ത് വിവാദം: സണ്ണി ജോസഫിന്റെ ഒപ്പ് എഐ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചു; ഡിജിപിക്ക് പരാതി നൽകി


 കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമനടപടിക്ക്. തന്റെ ഒപ്പ് എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.

കണ്ണൂർ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് കത്തയച്ചു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം കെട്ടിച്ചമച്ചതാണ് ഈ കത്തെന്ന് സണ്ണി ജോസഫ് പറഞ്ഞു.

പരാതിയിലെ പ്രധാന പോയിന്റുകൾ:

 * എഐ ദുരുപയോഗം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒപ്പ് വ്യാജമായി നിർമ്മിച്ചാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

 * ഗൂഢാലോചന: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിന് സമാനമായ രീതിയിൽ, പരാജയഭീതി പൂണ്ട രാഷ്ട്രീയ എതിരാളികൾ നടത്തുന്ന 'നുണ ബോംബ്' ആണിതെന്ന് അദ്ദേഹം ആരോപിച്ചു.

 * നിയമനടപടി: ഐടി ആക്ട്, ഭാരതീയ ന്യായ സംഹിത (BNS), ജനപ്രതിനിധിത്വ നിയമം എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ വ്യാജ വാർത്ത ഉടൻ നീക്കം ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ താൻ കത്ത് നൽകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ