കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ 'സുഡിയോ'യുടെ (Zudio) പേരിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സിറ്റി പോലീസ്. വസ്ത്രങ്ങൾ വൻ വിലക്കുറവിൽ ലഭിക്കുമെന്നും സൗജന്യ സമ്മാനങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘങ്ങൾ ലിങ്കുകൾ പ്രചരിപ്പിക്കുന്നത്.
യഥാർത്ഥ വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ പേജുകൾ നിർമ്മിച്ച് ഉപയോക്താക്കളുടെ പണവും വ്യക്തിവിവരങ്ങളും ചോർത്തുന്ന 'ഫിഷിങ്' (Phishing) രീതിയാണിതെന്ന് പോലീസ് വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* വ്യാജ ലിങ്കുകൾ: ഇത്തരം ലിങ്കുകൾ തുറക്കുന്നത് വഴി ഡിജിറ്റൽ ഉപകരണങ്ങളിൽ വൈറസുകളോ മാൽവെയറുകളോ പ്രവേശിക്കാൻ സാധ്യതയുണ്ട്.
* ഒടിപി (OTP): വിവരങ്ങൾ നൽകിയ ഉടൻ തട്ടിപ്പുകാർ ഒടിപി ആവശ്യപ്പെടാറുണ്ട്. ഇത് യാതൊരു കാരണവശാലും കൈമാറരുത്.
* പേരിലെ മാറ്റങ്ങൾ: തട്ടിപ്പ് ലിങ്കുകളിൽ കമ്പനിയുടെ പേരിൽ ചെറിയ അക്ഷരത്തെറ്റുകളോ അല്ലെങ്കിൽ പരസ്പരബന്ധമില്ലാത്ത അക്കൗണ്ടുകളോ കാണപ്പെടാം.
* സ്ഥിരീകരണം: ഓഫറുകൾ ലഭിക്കുമ്പോൾ കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ പരിശോധിച്ച് ഉറപ്പുവരുത്തുക.
തട്ടിപ്പിനിരയായാൽ എന്തു ചെയ്യണം.?
നിങ്ങൾ അബദ്ധത്തിൽ ലിങ്ക് തുറക്കുകയോ സാമ്പത്തിക തട്ടിപ്പിന് വിധേയനാകുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. കൂടാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.
-
