തിരുവനന്തപുരം: കേരളത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണത്തിന് ഇനി പുതിയ മാതൃക. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുടെയും സുപ്രീം കോടതിയുടെ പ്രത്യേക മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ച് വേണം കൈമാറാൻ. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാന ശുചിത്വമിഷൻ പുറപ്പെടുവിച്ചു.
തരംതിരിക്കേണ്ട രീതി
മാലിന്യങ്ങൾ താഴെ പറയുന്ന നാല് വിഭാഗങ്ങളായി വേർതിരിക്കണം:
* ജൈവമാലിന്യം: ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ.
* അജൈവ മാലിന്യം: പ്ലാസ്റ്റിക്, കുപ്പികൾ തുടങ്ങിയവ.
* സാനിറ്ററി മാലിന്യം: സാനിറ്ററി നാപ്കിനുകൾ, ഡയപ്പർ, ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ.
* പ്രത്യേക വിഭാഗം: ഇ-വെയ്സ്റ്റ്, മരക്കഷണങ്ങൾ, ചിരട്ട, ബയോ മെഡിക്കൽ മാലിന്യങ്ങൾ, രാസവസ്തുക്കൾ എന്നിവ.
വൻകിട സ്ഥാപനങ്ങൾക്ക് പ്രത്യേക മാനദണ്ഡം
'ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്' (Bulk Waste Generators) എന്ന വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങളെ നിശ്ചയിക്കാൻ മൂന്ന് മാനദണ്ഡങ്ങളാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്.
* 20,000 ചതുരശ്ര മീറ്ററോ അതിലധികമോ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ.
* പ്രതിദിനം 40,000 ലിറ്ററോ അതിലധികമോ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ.
* ദിവസം 100 കിലോഗ്രാമിലധികം ഖരമാലിന്യം പുറന്തള്ളുന്നവർ.
ഈ വിഭാഗത്തിൽപ്പെടുന്നവർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും സ്വന്തമായി മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കേണ്ടതുമാണ്.
പൊതുപരിപാടികൾക്കും തെരുവ് കച്ചവടക്കാർക്കും നിയന്ത്രണം
നൂറിലധികം പേർ പങ്കെടുക്കുന്ന ചടങ്ങുകൾ നടത്തുന്നതിന് മൂന്ന് പ്രവൃത്തിദിവസം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. തെരുവ് കച്ചവടക്കാർ മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേകം കണ്ടെയ്നറുകൾ കരുതണം. പുനരുപയോഗിക്കാനോ ഊർജ്ജാവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങൾ മാത്രമേ ഭൂമിയിൽ കുഴിച്ചുമൂടാൻ അനുവാദമുള്ളൂ എന്നും നിർദ്ദേശത്തിൽ പറയുന്നു
