Zygo-Ad

പത്രവാർത്ത കണ്ട് ജനങ്ങൾ ഞെട്ടി; 'ലോഡ് ഷെഡിങ്ങും കെഎസ്ആർടിസി പൂട്ടലും' വാർത്തയല്ല, യുഡിഎഫിനെ പരിഹസിക്കുന്ന പിആർഡി പരസ്യം


 കൊച്ചി: ഇന്ന് രാവിലെ പത്രം വായിച്ചവർ പലരും പ്രധാന വാർത്തകൾ കണ്ട് അമ്പരന്നു. 'ഇന്ന് മുതൽ ലോഡ് ഷെഡിങ്, പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം' എന്നിങ്ങനെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തലക്കെട്ടുകളാണ് ഒന്നാം പേജിൽ നിറഞ്ഞത്. എന്നാൽ സംഗതി സത്യമല്ലെന്ന് അറിയാൻ വായനക്കാർക്ക് അധികനേരം വേണ്ടിവന്നില്ല; ഇത് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ പിആർഡി നൽകിയ വ്യത്യസ്തമായ ഒരു പരസ്യമായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഭരണവും പിണറായി വിജയൻ സർക്കാരിന്റെ ഭരണവും തമ്മിൽ താരതമ്യം ചെയ്യുന്ന രണ്ട് പേജ് പരസ്യമാണ് പത്രങ്ങളിൽ ഇടംപിടിച്ചത്. ഒന്നാം പേജിൽ 'ഇരുണ്ട കാലം' എന്ന പേരിൽ യുഡിഎഫ് കാലത്തെ പ്രതിസന്ധികൾ വാർത്താ രൂപത്തിൽ നൽകിയപ്പോൾ, രണ്ടാം പേജിൽ ഈ പ്രശ്നങ്ങളെല്ലാം നിലവിലെ സർക്കാർ പരിഹരിച്ചുവെന്ന് അവകാശപ്പെടുന്നു.

ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, ക്ഷേമ പെൻഷൻ വിതരണം, പാഠപുസ്തക വിതരണം തുടങ്ങി വിവിധ മേഖലകളിൽ പത്തു വർഷം മുമ്പുണ്ടായിരുന്ന അവസ്ഥയെ പരിഹസിച്ചുകൊണ്ടാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം ആരംഭിച്ച 'ഇരുണ്ട കാലം' എന്ന പ്രചാരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പത്രപ്പരസ്യങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇതേ പേരിൽ വെബ്സൈറ്റും പാർട്ടി പുറത്തിറക്കിയിരുന്നു.




വളരെ പുതിയ വളരെ പഴയ