കൊല്ലം: ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ ഉദ്യോഗസ്ഥൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ നടപടി.
അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന സ്വാഭാവിക ജാമ്യമാണ് (Statutory Bail) പോറ്റിക്ക് ലഭിച്ചത്. നേരത്തെ സന്നിധാനത്തെ ദ്വാരപാലക വിഗ്രഹത്തിൽ നിന്ന് സ്വർണ്ണം കവർന്ന കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇയാൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
ശബരിമലയിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് വിജിലൻസ് വലിയ രീതിയിലുള്ള അന്വേഷണമാണ് നടത്തിവരുന്നത്. അന്വേഷണം തുടരുന്നതിനിടെയാണ് പ്രധാന പ്രതികളിലൊരാളായ പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത് എന്നാണ് വിവരം.
