തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ നടന്‍ ജയറാമിന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം. ശബരിമലയില്‍ നിന്ന് കൊണ്ടു പോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ എസ് ഐ ടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.
തുടർന്ന് ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു എസ്‌ഐടി നിലപാട്.
സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ലെന്നും എസ്‌ഐടി നിഗമനം. ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും.
ചെന്നൈയിലെ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരുമായുള്ള ബന്ധത്തേക്കുറിച്ച് നടന്‍ വിശദീകരിച്ചിരുന്നു.
ശബരിമലയില്‍ വെച്ചാണ് പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകള്‍ക്കായി തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു ജയറാമിന്റെ മൊഴി.
ഒരു മകര വിളക്ക് കാലത്താണ് പോറ്റിയെ സന്നിധാനത്ത് വെച്ച് പരിചയപ്പെടുന്നത്. പോറ്റി തന്നെ ഒരു ഭക്തന്‍ എന്ന നിലയില്‍ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ പരിചയപ്പെടുത്തി.
2019 ജൂണില്‍ കട്ടിളപാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നു. ഇവിടെ വെച്ചാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ പരിചയപ്പെടുന്നത്.
പിന്നീട് 2019 സെപ്റ്റംബറില്‍ ദ്വാരപാലക പാളികള്‍ പോറ്റിയുടെ ആവശ്യപ്രകാരം തന്റെ വീട്ടില്‍ കൊണ്ടുവന്ന് പൂജ നടത്തി.
തുടര്‍ന്ന് ഈ പാളികള്‍ കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടുകളോ മറ്റ് ബന്ധങ്ങളോ പോറ്റിയുമായില്ല.
പലതവണ തന്റെ വീട്ടില്‍ പോറ്റി വന്നപ്പോഴും പൂജകളെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും മാത്രമാണ് സംസാരിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ ജയറാം മൊഴി നല്‍കിയത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതല്‍ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം.
ദ്വാരപാലക പാളി കേസില്‍ രണ്ട് പേരെയും കട്ടിള പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
ആകെ നാല് പേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ്‌ഐടി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണക്കൊള്ള നടന്നെന്ന സൂചന നല്‍കി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വർണം എവിടെയെന്ന് കണക്കില്ല.
കൊടിമരത്തില്‍ പൂശാനായി ദേവസ്വം ബോർഡ് വാങ്ങിയത് 9.16 കിലോ സ്വർണമായിരുന്നു. സംഭാവനയായി കിട്ടിയത് 412 ഗ്രാമും ലഭിച്ചു. ചലച്ചിത്ര താരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും നല്‍കി.
20176ലാണ് കൊടിമര പുനഃപ്രതിഷ്ഠ നടക്കുന്നത്. 2016ലാണ് സ്വർണം വാങ്ങുന്ന നടപടി പൂർത്തിയാക്കിയത്. പുറത്ത് നിന്ന് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് അന്നത്തെ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.
എന്നാല്‍ മഹസറുകളില്‍ സ്വർണം സംഭാവനയായി നല്‍കിയ ഭക്തരുടെ പേരുകള്‍ ഉണ്ട്. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. 27 പേർ സ്വർണ്ണം നല്‍കിയെങ്കിലും മഹാസറില്‍ വിവരങ്ങള്‍ അവ്യക്തം എന്നാണ് വിജിലൻസ് കണ്ടെത്തല്‍.
യുഡിഎഫ് ഭരണ സമിതിയുടെ കാലത്തെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പുനഃപ്രതിഷ്ഠയില്‍ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും.
കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.


