തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിലാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിന്റെ ഭാഗമായി ഇന്ന് തൃശ്ശൂരിൽ വിപുലമായ 'അവകാശ പ്രഖ്യാപന സമ്മേളനവും' സംഘടിപ്പിക്കും.
'അതിജീവനത്തിനായുള്ള പോരാട്ടം' എന്ന മുദ്രാവാക്യമുയർത്തി നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും നടത്തുന്ന ഈ സമരം സ്വകാര്യ ആരോഗ്യ മേഖലയെ സതംഭിപ്പിക്കാനാണ് സാധ്യത.
പ്രധാന ആവശ്യങ്ങൾ:
* നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വർധിപ്പിക്കുക.
* തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക.
* യു.ജി.സി സ്കെയിൽ ശമ്പളം നടപ്പിലാക്കുക.
* ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാർ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക.
* എൻ.എച്ച്.എം, പാലിയേറ്റീവ് കെയർ, എച്ച്.ഡി.എസ്, ഇ.എം.ടി ജീവനക്കാർക്കും ആനുപാതികമായ ശമ്പള വർധനവ് ഉറപ്പാക്കുക.
എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും സമരത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. തൃശ്ശൂരിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ അറിയിക്കുമെന്ന് യു.എൻ.എ ഭാരവാഹികൾ വ്യക്തമാക്കി.
