കോഴിക്കോട്: കൊടിയത്തൂരിൽ സ്വകാര്യ ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുഞ്ഞ് നൂലിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബസ് ഡ്രൈവർ ഷനോജ്. ആ നിമിഷം മനസ്സിൽ വലിയ ആഘാതമുണ്ടാക്കിയെന്നും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഷനോജ് പറഞ്ഞു. അപകടത്തിന്റെ നടുക്കത്തിൽ രണ്ട് ദിവസം ജോലിക്ക് പോകാതിരുന്ന അദ്ദേഹം ഇന്ന് വീണ്ടും ബസിൽ ജോലിക്കെത്തി.
ഡ്രൈവർ ഷനോജ് പറയുന്നത്:
"ഓട്ടോയുടെ മറവിൽ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് ഓടിയത്. കണ്ടയുടനെ ബസ് വെട്ടിച്ച് മാറ്റി സഡൻ ബ്രേക്ക് ഇടുകയായിരുന്നു. ദൈവം ഇടപെട്ടത് പോലെയാണ് തോന്നിയത്. എനിക്കും വീട്ടിൽ ഇതേ പ്രായത്തിലുള്ള രണ്ട് കുട്ടികളുണ്ട്. ആ കാഴ്ച വലിയ ഷോക്കായിപ്പോയി. രക്ഷിതാക്കൾ ഒരുകാലത്തും ഇത്തരം അശ്രദ്ധ കാണിക്കരുത്."
വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡ്രൈവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രക്ഷിതാക്കൾക്കിടയിൽ ജാഗ്രതയുണ്ടാകാൻ വേണ്ടിയാണ് വീഡിയോ ഷെയർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ഇങ്ങനെ:
കൊടിയത്തൂരിലെ റോഡരികിൽ നിർത്തിയ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതായിരുന്നു ഇതരസംസ്ഥാനക്കാരായ കുടുംബം. കുട്ടിയുടെ അമ്മ ആദ്യം റോഡ് മുറിച്ചുകടന്നു. പിന്നാലെ പിതാവ് ഓട്ടോക്കാരന് പണം നൽകുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്താണ് ഷനോജ് ഓടിച്ച ബസ് എത്തിയത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് ബസിന്റെ പിൻചക്രത്തിന് സെന്റിമീറ്ററുകൾ അകലെ വെച്ച് കുഞ്ഞ് രക്ഷപ്പെട്ടു.
വീഡിയോ പുറത്തുവന്നതോടെ സമയസമയത്തെ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ ഷനോജിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
