കാസർകോട്: കേരളം ശൈത്യകാലത്തോട് വിടപറഞ്ഞ് പതുക്കെ വേനൽച്ചൂടിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് പകൽ താപനിലയിൽ ക്രമമായ വർധനവ് രേഖപ്പെടുത്തിത്തുടങ്ങി. നിലവിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നില്ലെന്നും ഫെബ്രുവരി മാസത്തിൽ സാധാരണ ഉണ്ടാകാറുള്ള കാലാവസ്ഥാ വ്യതിയാനം മാത്രമാണിതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലേമാട് ആണ്. 37.1°C ചൂടാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ചൂട് വർധിക്കാനാണ് സാധ്യത. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയാണ് കേരളത്തിൽ ഔദ്യോഗികമായി വേനൽക്കാലമായി കണക്കാക്കുന്നത്. ഇത്തവണത്തെ വേനൽ എത്രത്തോളം കടുക്കും എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രവചനം ഈ മാസം അവസാന വാരത്തോടെ പുറത്തുവരും.
അടുത്ത ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയില്ലെന്നും നിലവിലെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
