കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.50 ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഈങ്ങാപ്പുഴ സ്വദേശി സുബിക്ക്, വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരണപ്പെട്ടത്.
കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊയ്തന സ്വദേശി സഫിഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തെത്തുടർന്ന് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ വയനാട് സ്വദേശി സമീറിനെ കാബിൻ പൊളിച്ചാണ് പുറത്തെടുത്തതെങ്കിലും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പിക്കപ്പിലെ ക്ലീനർ ഉൾപ്പെടെ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
