തിരുവനന്തപുരം: സ്വന്തം വിവാഹദിനത്തിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് തലസ്ഥാന നഗരം. ചെമ്പഴന്തി സ്വദേശി രാഗേഷ് (28) ആണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ് രാഗേഷിനെ മരണം തട്ടിയെടുത്തത്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടർന്ന് ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ മടങ്ങുന്നതിനിടെ ശ്രീകാര്യത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
രാഗേഷ് സഞ്ചരിച്ച ബൈക്ക് കണിയാപുരത്തു നിന്നും വികാസ് ഭവനിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
