Zygo-Ad

എസ്ഐആർ കരട് പട്ടിക: സുപ്രീം കോടതി ഇടപെടലിൽ ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി

 


തിരുവനന്തപുരം :തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് കരട് പട്ടികയിൽ നിന്നും പുറത്തായവർക്ക് ആശ്വാസകരമായ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പരാതി നൽകാനും ആവശ്യമായ രേഖകൾ സമർപ്പിക്കാനുമുള്ള സമയം ജനുവരി 30 വരെ നീട്ടി. നേരത്തെ ഇത് ജനുവരി 22 വരെയായിരുന്നു. സുപ്രീം കോടതിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഈ നടപടി.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. അർഹരായവർ ആരും വോട്ടർ പട്ടികയ്ക്ക് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികളുടെ പരാതിയും കേരള സർക്കാരിന്റെ ആവശ്യവും പരിഗണിച്ചാണ് കോടതി ഇടപെടൽ. സമയപരിധി നീട്ടിയതോടെ ഫെബ്രുവരി 21-ന് നിശ്ചയിച്ചിരുന്ന അന്തിമ പട്ടിക പ്രസിദ്ധീകരണം വൈകാനാണ് സാധ്യത.

അർഹരായ എല്ലാവരെയും ഉൾപ്പെടുത്തും: മുഖ്യമന്ത്രി

അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

 * സൗജന്യ രേഖകൾ: രേഖകൾ ഇല്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അവ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഇതിനായി ഫീസ് ഈടാക്കില്ല.

 * സഹായ കേന്ദ്രങ്ങൾ: തദ്ദേശീയമായി സഹായ കേന്ദ്രങ്ങളും ഹിയറിംഗ് സെന്ററുകളും സ്ഥാപിക്കും. അക്ഷയ സെന്ററുകളിലെ ഫീസ് കുറയ്ക്കാൻ ഐടി വകുപ്പിന് നിർദേശം നൽകി.

 * ഉദ്യോഗസ്ഥ നിയമനം: ബി.എൽ.ഒമാർ ഇല്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം നിയമനം പൂർത്തിയാക്കും.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സഹായ കേന്ദ്രങ്ങളിലെ വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.



വളരെ പുതിയ വളരെ പഴയ