പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി. ജനുവരി പതിനാറിന് ജാമ്യാപേക്ഷ പരിഗണിക്കും.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നല്‍കിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരി നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നതടക്കം എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷയില്‍ പ്രതിഭാഗം എതിർവാദം ഉന്നയിച്ചിരുന്നു.
അറസ്റ്റിന്റെ കാരണങ്ങള്‍ പ്രതിയെ ബോധിപ്പിച്ചില്ല. സാക്ഷികള്‍ വേണമെന്ന മിനിമം കാര്യങ്ങള്‍ പോലും പാലിച്ചായിരുന്നില്ല അറസ്റ്റ്. ഇതൊരു രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
അറസ്റ്റ് ചെയ്തതിന് ശേഷം ആവശ്യമായ സമയം കസ്റ്റഡിയില്‍ വെച്ചിട്ടുണ്ട്. ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാനുണ്ടായ സാഹചര്യം എഫ്‌ഐആറില്‍ തന്നെ പറയുന്നുണ്ട്.
മറ്റൊരു കേസില്‍ ഹൈക്കോടതി നോട്ട് ടു അറസ്റ്റ് പറഞ്ഞിട്ടുണ്ടെന്നടക്കം രാഹുലിൻ്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചിരുന്നു.
