തിരുവനന്തപുരം: വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് വലിയ വില കൊടുക്കേണ്ടി വരും. വളർത്തു നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാൻ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോർഡും നീക്കങ്ങള്‍ തുടങ്ങി.
തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കർശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിൻറെ ഭാഗമാണ് സർക്കാർ നടപടി.
പഞ്ചായത്ത് രാജ് ആക്ടിലും മുൻസിപ്പല്‍ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കും.
നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും പുതിയ 'റെസ്‌പോണ്‍സിബിള്‍ പെറ്റ് ഓണർഷിപ്പ്' വകുപ്പ് ഉള്‍പ്പെടുത്തും.
മൃഗങ്ങളെ അശ്രദ്ധമായി വളർത്തുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 291 ഉം സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ക്ക് പിഴ, തടവ് അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്.
ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം ആർ വേണുഗോപാല്‍ പറഞ്ഞു.
'വളർത്തു നായ്ക്കളെ ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് തെരുവ് നായ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്. നായകള്‍ക്ക് ലൈസൻസിങ്ങും ആന്റി റാബിസ് വാക്‌സിനേഷനും നിർബന്ധമാക്കും.
കൂടാതെ എല്ലാ വളർത്തു മൃഗങ്ങള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമ നടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്നും' അദ്ദേഹം പറഞ്ഞു.
പെറ്റ് ഷോപ്പുകള്‍ക്കും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കാൻ മൃഗക്ഷേമ ബോർഡ് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷനും ലൈസൻസിങ്ങിനുമുള്ള അപേക്ഷാ ഫോമുകള്‍ മൃഗ സംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആർ വേണുഗോപാല്‍ പറഞ്ഞു.
