തിരുവനന്തപുരം: കേരളത്തിൽ 15-നും 24-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ എച്ച്.ഐ.വി (HIV) അണുബാധ വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുവജനങ്ങൾ ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ യുവജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശങ്കപ്പെടുത്തുന്ന കണക്കുകൾ:
പുതിയതായി എച്ച്.ഐ.വി ബാധിക്കുന്നവരിൽ യുവാക്കളുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഇത് 9 ശതമാനത്തിൽ നിന്നും 14.2 ശതമാനത്തിലേക്ക് ഉയർന്നു. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഇത് 15.4 ശതമാനമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം:
എച്ച്.ഐ.വി, ക്ഷയരോഗ മുക്ത കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമാക്കാത്ത സൂചികളുടെ ഉപയോഗം എന്നിവയിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടിയാൽ മറ്റൊരാളിലേക്ക് പകരുന്നത് തടയാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാനായി കേരളം 'വെൽനസ് മിഷനിലേക്ക്' മാറുകയാണ്. നല്ല ആഹാരം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവ ശീലമാക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വഴി വിപുലമായ പ്രതിരോധ-ചികിത്സാ പദ്ധതികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്.
