മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്.
കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ബലാത്സംഗം നടത്തിയതായി ആണ്‍സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ടെന്നും ആർ. വിശ്വനാഥ് വ്യക്തമാക്കി.
പൊലീസ് കസ്റ്റഡിയില്‍ ഉള്ള പതിനാറുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയിരുന്നു. തുടർന്ന് 16 കാരനെ കോഴിക്കോട് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റി.
കൊലപാതകത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുന്നുണ്ട്. ആണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുകയാണെന്നും ആർ. വിശ്വനാഥ് വിശദീകരിച്ചു.
പെണ്‍കുട്ടി അമ്മയെ വിളിച്ചത് ആണ്‍കുട്ടിയുടെ ഫോണില്‍ നിന്നാണ്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉള്ളതായി ആണ്‍കുട്ടി സംശയിച്ചു.
ആണ്‍കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണോ എന്നും പരിശോധിക്കുന്നുണ്ടെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തിനാണ് അന്വേഷണത്തിൻ്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പാണ്ടിക്കാട് തൊടികപ്പലം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂള്‍ യൂണിഫോമിലും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലും ആയിരുന്നു മൃതദേഹം.
ആണ്‍സുഹൃത്താണ് മൃതദേഹം കാണിച്ചു കൊടുത്തത്. കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് കുറ്റം സമ്മതിക്കുകയും കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറയുകയും ചെയ്തിരുന്നു.
ജനുവരി 15ന് രാവിലെ സ്കൂളിലേക്ക് പോയ ഒൻപതാം ക്ലാസുകാരി വൈകീട്ട് വീട്ടിലെത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കരുവാരകുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്ലാസില്‍ കുട്ടി എത്തിയില്ലെന്ന് കണ്ടെത്തി.
വിശദമായ അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിക്കൊപ്പം കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. പ്ലസ് വണ്‍ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.
പതിനാലുകാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ഈ കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ പതിനാറുകാരൻ ശകാരിച്ചിരുന്നു.
പെണ്‍കുട്ടി ഇത് നിരസിച്ചതോടെ പ്രകോപിതനായ പതിനാറുകാരൻ ബലപ്രയോഗത്തിലൂടെയാണ് പെണ്‍കുട്ടിയെ കീഴ്പെടുത്തിയത്.
