തിരുവനന്തപുരം: നഗരത്തിൽ ക്രിസ്മസ് ദിനത്തിൽ വൻ കവർച്ച. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടകവീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പത്തുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കള്ളന്മാർ കവർന്നത്.
ക്രിസ്മസ് അവധി ആഘോഷിക്കാൻ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വൈകുന്നേരം വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ട അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. വീടിനുള്ളിലെ അലമാരകളും കമ്പോർഡുകളും കുത്തിത്തുറന്ന നിലയിലാണ്.
മറ്റൊരു വീട്ടിലും മോഷണശ്രമം
ഡോക്ടറുടെ വീടിന് സമീപത്തുള്ള മറ്റൊരു വീടിന്റെ മുൻവാതിലും തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വീട്ടുകാർ ചെന്നൈയിലായതിനാൽ അവിടെ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അവർ തിരിച്ചെത്തിയ ശേഷമേ വ്യക്തമാകൂ.
ഫോർട്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
