കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7ന് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് പോളിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് ജനവിധി രേഖപ്പെടുത്തുന്നത്. ഇതിൽ 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, 7 ജില്ലാ പഞ്ചായത്തുകൾ, 47 മുനിസിപ്പാലിറ്റികൾ, 3 കോർപ്പറേഷനുകൾ ഉൾപ്പെടുന്നു.
ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുരുഷന്മാർ 72,46,269, സ്ത്രീകൾ 80,90,746, ട്രാൻസ്‌ജെൻഡർ വോട്ടർമാർ 161. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി 18,274 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 2,055 ബൂത്തുകൾ പ്രശ്നബാധിതമെന്നായി തിരിച്ചറിഞ്ഞു. ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ–81, പാലക്കാട്–180, മലപ്പുറം–295, കോഴിക്കോട്–166, വയനാട്–189, കണ്ണൂർ–1,025, കാസർകോട്–19. ഈ ബൂത്തുകളിൽ കർശന സുരക്ഷയും വെബ്‌കാസ്റ്റിങ്ങുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് മുഴുവൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.
കണ്ണൂരിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടികുണ്ഡ്, അഞ്ചംപീടിക വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടങ്ങളിൽ പോളിങ് ഇല്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ഹസീനയുടെ നിര്യാണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ചു. കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും, കണ്ണൂർ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തിലെ 6 വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലും ഗ്രാമപഞ്ചായത്ത് വാർഡിലേക്കുള്ള വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ ഇവിടങ്ങളിലെ അതത് പോളിങ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
