ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം (എസ്‌ഐടി) ശേഖരിച്ച സുപ്രധാന ശബ്ദരേഖകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
കേസിലെ അതിജീവിതയും രാഹുലുമായുള്ള സംഭാഷണങ്ങളുടെ പകുതിയോളം ശബ്ദരേഖകളുടെ പരിശോധനയാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഈ ശബ്ദരേഖകളില്‍ യാതൊരുവിധ കൃത്രിമമോ മാറ്റങ്ങളോ നടന്നിട്ടില്ലെന്ന് എസ്‌ഐടി വൃത്തങ്ങൾ അറിയിച്ചു. ഡബ്ബിംഗ് വഴിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചോ ശബ്ദത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതകള്‍ ഫോറന്‍സിക് പരിശോധനയില്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.
രാഹുലിന്റെ ശബ്ദ സാമ്പിളുകള്‍ പൊതുവിടങ്ങളില്‍ (പബ്ലിക് ഡൊമെയ്‌നില്‍) നിന്ന് ശേഖരിച്ചാണ് ശബ്ദരേഖകളുമായി ഒത്തുനോക്കിയത്. പ്രാഥമിക പരിശോധനയിലെ ഈ കണ്ടെത്തല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. തുടര്‍ന്നും ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
