Zygo-Ad

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികൾക്ക് സത്യപ്രതിജ്ഞ 21ന് ; മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍


തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും.

ഭരണ സമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്.

ആറ് പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, ഒരു മുനിസിപ്പാലിറ്റി എന്നിവ ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി 20നാണ് അവസാനിക്കുക.

സംസ്ഥാനത്തെ ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് അതത് പഞ്ചായത്തിന്റെ ഭരണാധികാരികളാണ്. 

മുനിസിപ്പല്‍ കൗണ്‍സിലുകളുടെ കാര്യത്തില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് സര്‍ക്കാര്‍ പ്രത്യേകം നാമനിര്‍ദേശം ചെയ്തിട്ടുള്ള വരണാധികാരികളായിരിക്കും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്ടര്‍മാര്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കും.

ഗ്രാമ പഞ്ചായത്തുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും മുനിസിപ്പല്‍ കൗണ്‍സിലുകളിലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും അതത് മുനിസിപ്പല്‍ കൗണ്‍സില്‍/മുനിസിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിമാരും സത്യപ്രതിജ്ഞക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. 

ജില്ലാ ജോ. ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും. ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിജ്ഞയെടുക്കല്‍ ചടങ്ങുകള്‍ ജില്ലാ കളക്ടര്‍മാര്‍ ഏകോപിപ്പിക്കും. 

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന അംഗത്തെ കണ്ടെത്തി ആദ്യ പ്രതിജ്ഞയെടുക്കുന്നതിന് ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെടണം. 

മറ്റുള്ള അംഗങ്ങള്‍ക്കും ചടങ്ങില്‍ സംബന്ധിക്കാന്‍ രേഖാമൂലം അറിയിപ്പു നല്‍കണം. ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെയും മുനിസിപ്പല്‍ കൗണ്‍സിലുകളുടെയും സത്യപ്രതിജ്ഞ രാവിലെ 10നും മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ പകല്‍ 11.30 നുമാണ് നടക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ക്ക് ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കണം. 

സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ചേരും. ആദ്യം പ്രതിജ്ഞ ചെയ്ത അംഗം അധ്യക്ഷത വഹിക്കും. 

ഈ യോഗത്തില്‍ പ്രസിഡന്റ്/ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍/ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച അറിയിപ്പ് സെക്രട്ടറി നല്‍കും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കുന്ന തീയതിയില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരികള്‍ നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് വരണാധികാരികളും കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ജില്ലാ കളക്ടര്‍മാരും നടത്തും.

ഭരണ സമിതിയുടെ കാലാവധി 2025 ഡിസംബര്‍ 20ന് പൂര്‍ത്തിയാകാത്ത മലപ്പുറം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് 22നും ചോക്കോട് ഗ്രാമ പഞ്ചായത്ത് 26നും തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് 2026 ജനുവരി 16നും മംഗലം ഗ്രാമ പഞ്ചായത്ത്, വെട്ടം ഗ്രാമ പഞ്ചായത്ത്, തിരുനാവായ ഗ്രാമ പഞ്ചായത്ത്, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ 2026 ഫെബ്രുവരി 1നും സ്ഥാനമേല്‍ക്കും.

വളരെ പുതിയ വളരെ പഴയ