തിരുവനന്തപുരം: സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ കുട്ടികൾ അപരിചിതരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നത് ശ്രദ്ധിക്കണമെന്നും അത് അപകടങ്ങൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പുമായി കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
പോലീസിന്റെ മുന്നറിയിപ്പ്
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവമോ പശ്ചാത്തലമോ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. ലിഫ്റ്റ് നൽകുന്ന വ്യക്തിയുടെ പശ്ചാത്തലം ക്രിമിനൽ ആകാനുള്ള സാധ്യതകളും പോലീസ് ചൂണ്ടിക്കാട്ടുന്നു.
പോലീസ് മുന്നറിയിപ്പിൽ പറയുന്ന പ്രധാന അപകട സാധ്യതകൾ:
* അപകടകരമായ ഡ്രൈവിംഗ്: അമിത വേഗത്തിൽ അല്ലെങ്കിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർ.
* ലഹരി ഉപയോഗം: മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ/കടത്തുന്നവർ.
* ക്രിമിനൽ പശ്ചാത്തലം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റ് ക്രിമിനൽ പശ്ചാത്തലമുള്ളവർ.
സ്കൂൾ സമയങ്ങളിൽ കുട്ടികൾ റോഡിൽ വാഹനങ്ങൾ കൈകാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവായ കാഴ്ചയാണ്. ഈ ശീലം കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും പോലീസ് കർശനമായി നിർദ്ദേശിച്ചു.
