തിരുവനന്തപുരം:ബലാത്സംഗ കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിലവിൽ സസ്പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും കണക്കിലെടുത്താണ് കെപിസിസി നേതൃത്വത്തിന്റെ നിർണായക നടപടി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്തായതായി അദ്ദേഹം വ്യക്തമാക്കി. മുൻകൂർ ജാമ്യത്തിനായുള്ള രാഹുലിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ നേതൃത്വം കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ ബലാത്സംഗ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായിട്ടുള്ളത്. കേസിന്റെ ഗൗരവവും പൊതുമധ്യത്തിൽ പാർട്ടിക്കുണ്ടായ അവമതിപ്പും കണക്കിലെടുത്താണ് കോൺഗ്രസ് അദ്ദേഹത്തെ പൂർണ്ണമായി പാർട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
/
