Zygo-Ad

അപ്രതീക്ഷിത തിരിച്ചടി; അടിത്തറ തകർന്നിട്ടില്ല, യുഡിഎഫും ബിജെപിയും വോട്ടുകൾ പങ്കുവെച്ചു: എം വി ഗോവിന്ദൻ


 തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കേരളത്തിന് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അവ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചില്ലെന്നതും സംഘടനാപരമായ വിഷയങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവിശ്വാസം വീണ്ടെടുക്കാൻ സർക്കാർതലത്തിലും സംഘടനാതലത്തിലും ശക്തമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും തുടരുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫിന്റെ അടിത്തറ പൂർണമായി തകർന്നെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ ലഭിച്ച വിജയം അടിത്തറ നിലനിൽക്കുന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ, തിരിച്ചടികളെ ശരിയായി വിലയിരുത്തി മുന്നോട്ടുപോയപ്പോൾ പാർലമെന്റിൽ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് അസംബ്ലി തെരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടിയ ചരിത്രവും ഓർമിപ്പിച്ചു.

ഈ തെരഞ്ഞെടുപ്പിൽ എല്ലാ വർഗീയ ശക്തികളുമായും രഹസ്യമായും പരസ്യമായും നീക്കുപോക്കുകൾ നടത്തി യുഡിഎഫ് മത്സരിച്ചുവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും, തിരിച്ചും യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

ഉദാഹരണമായി, പറവൂർ നഗരസഭയിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സേതുമാധവനെ ബിജെപി സ്ഥാനാർത്ഥിയാണ് പരാജയപ്പെടുത്തിയത്.വാർഡിൽ യുഡിഎഫിന് 20 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തരത്തിൽ പരസ്പര സഹായത്തിന്റെ നിരവധി ഉദാഹരണങ്ങൾ കാണാമെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുടെ വോട്ടുകളും പ്രചാരണങ്ങളും യുഡിഎഫിന് സഹായകമായതായും, അതേ സമയം ബിജെപിക്കും ഗുണകരമായതായും അദ്ദേഹം വിലയിരുത്തി.

ബിജെപി മുമ്പ് വിജയിച്ച മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഇത്തവണ നഷ്ടപ്പെട്ടുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച പന്തളം, പാലക്കാട് മുനിസിപ്പാലിറ്റികളിൽ പന്തളത്ത് ഇപ്പോൾ എൽഡിഎഫ് വിജയം നേടി. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞതോടൊപ്പം എൽഡിഎഫിന്റെ സീറ്റ് എണ്ണം വർധിച്ചു. ശബരിമലക്ക് സമീപമുള്ള കുളനട, ചെറുകോൽ, മുത്തോലി പഞ്ചായത്തുകൾ ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് കാസർകോട് ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് മാത്രമാണെന്നും, അത് നേരത്തെയും അവർക്കുണ്ടായിരുന്ന സീറ്റാണെന്നും അദ്ദേഹം പറഞ്ഞു



വളരെ പുതിയ വളരെ പഴയ