ബംഗളൂരു: ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ഇമെയിലില്‍ ബോംബ് ഭീഷണി സന്ദേശം. 'ജയ്ഷ്-എ-മുഹമ്മദ് വൈറ്റ്-കോളർ ടെറർ സെല്‍' എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
നഗരത്തിലെ വിമാനത്താവളം അടക്കമുള്ള പ്രധാന സ്ഥലങ്ങളില്‍ വൈകുന്നേരം ഏഴ് മണിക്കു ശേഷം സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.
ഓറിയണ്‍ മാള്‍, ലുലു മാള്‍, ഫോറം സൗത്ത്, മാൻട്രി സ്ക്വയർ മാള്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര കേന്ദ്രങ്ങളും തകർക്കുമെന്നായിരുന്നു ഭീഷണി. 'മോഹിത് കുമാർ' എന്ന പേരിലാണ് ഇമെയില്‍ അയച്ചിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും നഗരത്തില്‍ ബോംബ് ഭീഷണികള്‍ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, അധികവും പിന്നീട് വ്യാജമായതായി കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ ഭീഷണിയുടെ ഗൗരവം പരിഗണിച്ച് സുരക്ഷാ ഏജൻസികള്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
