സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശിയായ ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകനായ ആല സ്വദേശിയായ തയ്യിൽ ഭരത് കൃഷ്ണ (25) യാണ് മർദ്ദനത്തിന് ഇരയായത്. സംഭവം തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു.
പോലീസിന്റെ വിവരമനുസരിച്ച്, നാലാം ക്ലാസ്സിൽ പഠിക്കുന്ന ധനേഷിന്റെ മകൻ തിങ്കളാഴ്ച അധ്യാപകരെ അറിയിക്കാതെ സ്കൂളിൽ നിന്ന് നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. കുട്ടിയെ തിരികെ സ്കൂളിലെത്തിക്കുന്നതിനായി അധ്യാപകൻ ഭരത് കൃഷ്ണ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിൽ പ്രകോപിതനായ ധനേഷ് വൈകിട്ട് സ്കൂളിലെത്തി ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി.
ധനേഷ് കൊലക്കേസുൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. അധ്യാപകനെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ നെടുമ്പാശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
