Zygo-Ad

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം: ആദ്യ ഭാര്യയെ കേള്‍ക്കാതെ രജിസ്‌ട്രേഷന്‍ പാടില്ല: ഹൈക്കോടതി


 കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടാം വിവാഹം കഴിക്കാമെന്നാണെങ്കിലും, രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വെറും കാഴ്ചക്കാരിയായിരിക്കാന്‍ ആദ്യ ഭാര്യയ്ക്ക് ഇരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

2008 ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ (പൊതു) നിയമങ്ങള്‍ അനുസരിച്ച് ഒരു മുസ്ലീം പുരുഷന്‍ തന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യ വിവാഹം നിലവിലുണ്ടായിരിക്കുകയും ആദ്യ ഭാര്യ ജീവിച്ചിരിക്കുകയും ആണെങ്കില്‍ രആദ്യ ഭാര്യയെ കേള്‍ക്കാനുള്ള അവസരം നല്‍കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ മതം രണ്ടാമതാണെന്നും ഭരണഘടനാപരമായ അവകാശങ്ങളാണ് പരമോന്നതമെന്നും കോടതി പറഞ്ഞു. 'ഭര്‍ത്താക്കന്മാര്‍ പുനര്‍വിവാഹം കഴിക്കുമ്പോള്‍, കുറഞ്ഞത് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തിലെങ്കിലും, മുസ്ലീം സ്ത്രീകളെ കേള്‍ക്കാനുള്ള അവസരം ലഭിക്കട്ടെ, കോടതി പറഞ്ഞു. ഭര്‍ത്താവുമായുള്ള ബന്ധം നിലനില്‍ക്കുമ്പോള്‍ 99.99 ശതമാനം മുസ്ലീം സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. അവര്‍ അത് സമൂഹത്തോട് വെളിപ്പെടുത്തിയേക്കില്ല.

കണ്ണൂരിലെ മുഹമ്മദ് ഷരീഫും രണ്ടാം ഭാര്യയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യരുതെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ പൗരന്മാരാണെന്നും മുസ്ലീം ആചാര നിയമം പിന്തുടരുന്നവരാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. മുസ്ലീം വ്യക്തി നിയമമനുസരിച്ച്, ഒരു മുസ്ലീം പുരുഷന് ഒരേസമയം നാല് ഭാര്യമാരെ വിവാഹം കഴിക്കാന്‍ അര്‍ഹതയുണ്ട്. അതിനാല്‍, നിയമപ്രകാരം രജിസ്ട്രാര്‍ രണ്ടാമത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹം നടന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതിയുടെ മുമ്പാകെയുള്ള നടപടികളില്‍ പുരുഷന്റെ ആദ്യ ഭാര്യ കക്ഷിയല്ലാത്തതിനാല്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

ആദ്യ ഭാര്യ ജീവിച്ചിരിക്കുകയും അവരുമായുള്ള ആദ്യ വിവാഹം നിലവിലുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍, അതും ആദ്യ ഭാര്യയുടെ അറിവില്ലാതെ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം വിശുദ്ധ ഖുര്‍ആനോ മുസ്ലീം നിയമമോ അനുവദിക്കുന്നില്ലെന്ന് ഞാന്‍ കരുതുന്നുവെന്ന് ജഡ്ജി പറഞ്ഞു. ഒരു മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ ആദ്യ ഭാര്യയില്‍ നിന്ന് സമ്മതം വാങ്ങുന്നതിനോ, വീണ്ടും വിവാഹം കഴിക്കുന്നതിന് മുമ്പ് അവരെ അറിയിക്കുന്നതിനോ ഉള്ള ഓപ്ഷനെ ഇത് വിലക്കുന്നില്ല. ലിംഗസമത്വം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ശ്രേഷ്ഠരല്ല. ലിംഗസമത്വം സ്ത്രീകളുടെ പ്രശ്‌നമല്ല, പക്ഷേ അത് ഒരു മാനുഷിക പ്രശ്‌നമാണെന്ന് കോടതി പറഞ്ഞു.

ഒരു മുസ്ലീം പുരുഷന് തന്റെ ആദ്യ ഭാര്യയുമായുള്ള ദാമ്പത്യ ബന്ധം നിലവിലുണ്ടെങ്കില്‍ ആദ്യ ഭാര്യയ്ക്ക് നോട്ടീസ് നല്‍കാതെ(2008 ലെ നിയമങ്ങള്‍ അനുസരിച്ച്) തന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ആദ്യ ഭാര്യയെ തലാഖ് ചൊല്ലിയതിന് ശേഷമാണ് രണ്ടാം വിവാഹം നടക്കുന്നതെങ്കില്‍, ആദ്യ ഭാര്യയ്ക്ക് നോട്ടീസ് കൊടുക്കേണ്ട ആവശ്യമില്ല. രണ്ടാം വിവാഹം അസാധുവാണെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്ട്രാര്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യരുത്. കൂടാതെ കക്ഷികളെ അവരുടെ മതപരമായ ആചാര നിയമമനുസരിച്ച് രണ്ടാം വിവാഹത്തിന്റെ സാധുത തേടുന്നതിന് യോഗ്യതയുള്ള കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വളരെ പുതിയ വളരെ പഴയ