ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ആദ്യം സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതായാണ് നിഗമനത്തിലെത്തിയത്. എന്നാൽ, പിന്നീട് ആക്രമണം ആണോയെന്ന സംശയത്തിലാണ് അധികൃതർ. 25ലധികം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരങ്ങൾ. അഞ്ച് ഫയർ എൻജിനുകൾ എത്തിച്ചേർന്നാണ് തീയണച്ചത്. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. സ്ഫോടനത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല. അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്.
