തലശ്ശേരി മാഹിയിൽ ജനിച്ചു വളർന്നു കേരളത്തിലേക്ക് മാറി താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് കേരളത്തിലും സംവരണത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മാഹിയിൽ ജനിച്ചു വളർന്ന് നിലവിൽ അമ്മയുടെ വീടായ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ താമസക്കാരനായ നിർമ്മലഗിരിയിലെ എ ഷിബിൻ .സായി അഡ്വ. ടി ആസഫലി മുമ്പാകെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഈഴവ തീയ്യ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥിയായ ഷിബിനിന് പിന്നോക്കസമുദായം എന്ന നിലയിൽ കേരളത്തിൽ സംവരണത്തിന് അർഹതയില്ലെന്ന കാരണത്താൽ കല്യാശ്ശേരിയിലെ കെൽട്രോണിൽ ഓപ്പറേറ്റർ തസ്തികയിലെ ജോലി നിഷേധിച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
സാമൂഹ്യമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ബന്ധപ്പെട്ട് കിടക്കുന്നതും എല്ലാം കൊണ്ടും കേരളത്തോട് സാമ്യമുള്ളതുമായ മാഹിയിലെ തീയ്യ ഈഴവ ജനവിഭാഗങ്ങൾക്ക് പിന്നോക്ക ജനവിഭാഗത്തിൻ്റെ സംവരണാവകാശം ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി കണ്ടത്തി.
വിദേശ ശക്തി നൂറ്റാണ്ടുകൾക്ക് മുൻപ് ആക്രമിച്ചു കീഴടക്കി എന്ന കാരണത്താൽ ഒരു കൊച്ചു പ്രദേശത്തെ ജനങ്ങൾക്ക് ന്യായ സംവരണാവകാശങ്ങൾ നിഷേധിക്കാൻ പാടില്ലന്നും കോടതിവിധിയിൽ നിരീക്ഷിച്ചു.
ഈ കാരണത്താൽ റാങ്ക് ലിസ്റ്റിൽ ആറാം നമ്പർ കാരനായ ഷിബിൻ സായിക്ക് കല്യാശേരി കെൻട്രോണിൽ ഓപ്പറേറ്ററായി നിയമനം നൽകാനും കെൽട്രോൺ മാനേജിംഗ് ഡയറക്ടറോട് കോടതി ഉത്തരവിട്ടു .
കേരളത്തിലേക്ക് മാറി താമസിക്കുന്ന ഇത്തരം പിന്നോക്ക വിഭാഗത്തിൻ്റെ സംവരണ ആനുകൂല്യങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുവാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിക്കൊണ്ട് വിധിയിൽ ഉത്തരവിട്ടു.
