തിരുവനന്തപുരം: ട്രെയിനില്‍ ആക്രമണത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശം.
മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കോളജില്‍ നിന്നുള്ള ചികിത്സയില്‍ തൃപ്തിയില്ലെന്ന് ശ്രീകുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച വിദഗ്ധ ചികിത്സ നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കുടംബം ആവശ്യപ്പെട്ടിരുന്നു. ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ട്. മൂക്കില്‍ നിന്ന് ചോര വരുന്നുണ്ട്. ശരീരം തണുത്ത് മരവിച്ച നിലയിലാണെന്നും കുടുംബം ആരോപിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില അതി ഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നല്‍കി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെ വര്‍ക്കല അയന്തിമേല്‍പ്പാലത്തിന് സമീപമാണ് സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടിയെ തിരുവനന്തപുരം വെള്ളറട സ്വദേശിയായ സ്വദേശി സുരേഷ് കുമാര്‍ എന്നയാളാണ് തള്ളിയിട്ടത്.
പരിക്കേറ്റ് ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിന്‍ ആണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
