Zygo-Ad

സംസ്ഥാനത്തെ റേഷൻ കടകളില്‍ സമയ മാറ്റം; ഇനി മുതല്‍ റേഷൻ സാധനം വാങ്ങാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം. ഇനി മുതല്‍ റേഷൻ കടകള്‍ രാവിലെ ഒമ്പത് മണിക്കാകും തുറക്കുക.

നിലവില്‍ രാവിലെ എട്ടു മണി മുതലായിരുന്നു റേഷൻ കടകളുടെ പ്രവർത്തനം. എന്നാല്‍, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതു വിതരണ വകുപ്പ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.

ഇനി മുതല്‍ റേഷൻ കടകള്‍ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കാകും തുറക്കുക. രാവിലെ ഒൻപതു മുതല്‍ 12 വരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയുമാണ് പ്രവർ‌ത്തിക്കുക.

 2023 മാർച്ച്‌ ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച്‌ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയുമാണ് റേഷൻ കടകള്‍ പ്രവർത്തിച്ചിരുന്നത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം റേഷൻ സാധനങ്ങള്‍ തൊഴില്‍ നഷ്ടം കൂടാതെ വാങ്ങാനാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സമയം നിശ്ചയിച്ചത്. 

എന്നാല്‍, ഇതിനെതിരെ റേഷൻ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂന്നു മാസം മുമ്പ് ഭക്ഷ്യ മന്ത്രി ജി.ആർ. അനില്‍ സമയ മാറ്റം സംബന്ധിച്ച്‌ റേഷൻ വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഉത്തരവ് ഉറങ്ങിയിരുന്നില്ല. 

മന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ